തൃശൂർ പൂരം
കേരളത്തിലെ പ്രധാന പൂരങ്ങളിൽ ഒന്നാണ് തൃശൂർ പൂരംകേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പുരങ്ങളുടെ പൂരം എന്നാണ് വലിയ ഉത്സവമായ തൃശൂർ പൂരം അറിയപ്പെടുന്നത്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംന്നാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ പാറമേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നി രണ്ടു പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. അതോടൊപ്പം കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം.






